2011 ജൂൺ 20, തിങ്കളാഴ്‌ച

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെണ്‍കുട്ടി.

പ്ലസ്റ്റുവിനു പഠിക്കുമ്പോള്‍, രാവിലെ അച്ഛനും ഞാനും ഒരുമിച്ച് റെയില്‍വേ സ്റ്റേഷനിലെത്തി, ഒരേ ട്രെയിനില്‍ രണ്ടു കമ്പാര്‍ട്ട്മെന്റില്‍ കയറിപ്പോകുന്നതിനെ പരിഹസിച്ച അമ്മയെ, അതുകൊണ്ട് അവള്‍ സ്വന്തമായി കൂട്ടുകാരെ ഉണ്ടാക്കിയില്ലേ എന്നു പറഞ്ഞാണ് അച്ഛന്‍ നേരിട്ടത്.

എംഎസ്സിക്കു പഠിക്കുമ്പോള്‍ എന്റെ ക്ലാസില്‍ ഒരു മലയാളി മാത്രമായിരുന്നതു കൊണ്ട്, തനിച്ചുള്ള രാത്രിയാത്രകള്‍ വേണ്ടി വന്നിട്ടുണ്ട്. സ്ഥിരമായി അണ്‍റിസേര്‍വ്ഡ് കമ്പാര്‍ട്ടുമെന്റില്‍
ത്തന്നെ അപ്പോളൊക്കെ യാത്ര. പ്രോജക്ടുകള്‍ക്കൊക്കെ പോകുമ്പോള്‍ അപ്പനുമമ്മയും കൊണ്ടുവിടും, തിരിച്ചു ഞാനൊറ്റയ്ക്കു വരും എന്നായി. പിഎച്ഡിക്കു ചേരാന്‍ വന്നത് ഞാനൊറ്റയ്ക്കാണ് .

എന്റെ കസിന്‍സിനെയും അവരുടെ വീട്ടുകാരെയും പിള്ളേരു തന്നെ പോയിപ്പഠിക്കട്ടെ എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിക്കാറുമുണ്ട്, എന്റെ അമ്മ.

കാര്യം രണ്ടു ദിവസത്തെ യാത്രയ്ക്കു തനിച്ചു വിടുമെങ്കിലും, വൈകിട്ട് ആറര കഴിഞ്ഞാല്‍ വീട്ടില്‍ നിന്നു മൂന്നു മിനിറ്റകലെയുള്ള ബസ് സ്റ്റോപ്പില്‍ അമ്മ വന്നു നില്‍ക്കും. :)

പ്രൊജക്റ്റ്‌ അനുഭവങ്ങള്‍ അഥവാ അഹങ്കാരത്തിന് കിട്ടിയ അടികള്‍

കൂട്ടുകാരൊക്കെ എഞ്ചിനീയറിങ്ങിനു പോയപ്പോള്‍, എംഎസ്സി എടുത്ത് ശാസ്തജ്ഞയാവാന്‍ പുറപ്പെട്ട ഞാനൊരു സംഭവമാണെന്ന് സ്വയം വിചാരിച്ചിരുന്നു. അതു മാറ്റിയത് രണ്ടു പ്രോജക്ട് അനുഭവങ്ങളാണ്. ഒന്നും അറിഞ്ഞുകൂടാ എന്നുപോലും അറിയാതിരുന്ന എന്റെ പഠനകാലത്തെക്കുറിച്ചോര്‍ത്ത്, ഞാന്‍ കാണാപ്പാഠം പഠിക്കുന്നില്ല എന്നു അഭിമാനിച്ചിരുന്നതോര്‍ത്ത് പിന്നീട് ഞെട്ടിയിട്ടുണ്ട്.

വഴുതനങ്ങ മെഴുക്കുപുരട്ടി.

വഴുതനങ്ങ ക്യൂബുകള്‍ ആയി ( സാമ്പാറിന്റെ കഷണങ്ങളെക്കാള്‍ ഇത്തിരി കൂടി വലിപ്പം )അരിഞ്ഞ് വെള്ളത്തിലിടുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ വഴുതനങ്ങ കഷണങ്ങളൂം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി അടച്ചു വയ്ക്കുക. അടപ്പില്‍ ഇത്തിരി പച്ചവെള്ളം തളിക്കുക. ഇടയ്ക്കിടെ, ഇളക്കുകയും അടപ്പില്‍ വെള്ളം തളിക്കുകയും ചെയ്യണം. വെന്താല്‍ മുളകുപൊടിയും ചേര്‍ത്തിളക്കി ഒരു മിനിറ്റുകൂടി വേവിച്ചു വാങ്ങാം.

സമര്‍പ്പണം:
To Murthy, for teaching me how to cook so many nice things. 
 
[Posted in Google Buzz on his birthday]

പാല്‍പ്പായസം

പച്ചരി കഴുകി, നികക്കെ വെള്ളമൊഴിച്ച് വേവിക്കുക. വെള്ളം വറ്റുമ്പോള്‍ പാല്‍ ഒഴിക്കുക. തിളച്ചു തൂവാതെ ഇളക്കിക്കൊണ്ടിരിക്കുക. നന്നായി വെന്താല്‍, സ്റ്റൗ ഓഫ് ചെയ്ത് പഞ്ചസാരയും ഇട്ട് ഇളക്കുക. ഇത്തിരി കിസ്മിസും നട്സും വെളിച്ചെണ്ണയില്‍ വറുത്ത് പായസത്തില്‍ ഇടുക.

[ പണ്ടൊരു വെക്കേഷന്‍ കാലത്ത്, വീട്ടിലാരുമില്ലാതെയിരുന്നപ്പോള്‍ ഞങ്ങള്‍ കണ്ടുപിടിച്ച റെസിപ്പി (കളില്‍ ഒന്ന് ) . ]

കടപ്പാട്: കിരണ്‍

കൂണ്‍ മെഴുക്കുപുരട്ടി

കൂണ്‍ - ഒരു ചെറിയ പാക്കറ്റ്.
മഞ്ഞള്‍ പൊടി, ഉപ്പ്, കുരുമുളക് പൊടി, എണ്ണ – ആവശ്യത്തിന്

ഓപ്ഷ‌‌നല്‍

--------------
കറിവേപ്പില, വെളുത്തുള്ളി, ജീരകം – തോന്നുന്ന പോലെ.

കൂണ്‍ ചെറുതായി മുറിച്ച്, ഒരു നുള്ളൂ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലിട്ടു വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ (ഓപ്ഷന‌‌ല്‍ സാധനങ്ങള്‍ ചേര്‍ത്ത് മൂപ്പിച്ച് ) കൂണും, ഉപ്പും മഞ്ഞളും ചേര്‍ത്തിളക്കി അടച്ചു വച്ചു വേവിക്കുക. കൂണില്‍ നിന്നും ഇത്തിരി വെള്ളം ഇറങ്ങും. ആ വെള്ളം വറ്റാറാവുമ്പോള്‍ കുരുമുളകു പൊടിയും ചേര്‍ത്തിളക്കി, വെള്ളം നല്ലോണം വറ്റുമ്പോള്‍ വാങ്ങാം.

കടപ്പാട്‌: ആര്‍തര്‍

ലേബല്‍ : ഹോസ്റ്റല്‍ ജീവിതം, പാചകം

ചീര മെഴുക്കു പുരട്ടി

ചുവന്ന ചീര – ഒരു കെട്ട്
വെളുത്തുള്ളി അല്ലി - പത്തോ പതിനഞ്ചോ.
ഉപ്പ്, എണ്ണ – ആവശ്യത്തിന്

ചീരയില പുഴുവില്ല എന്നുറപ്പു വരുത്തി കീറിയെടുത്ത്, കഴുകി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍, വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക. വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോള്‍ ചീരയിലയിട്ട്, ഇത്തിരി ഉപ്പും ചേര്‍ത്ത് ഇളക്കി അടച്ചു വയ്ക്കുക. ഇടയ്ക്കിടെ ഇളക്കണം. ചീരയില്‍ നിന്ന് ഇത്തിരി വെള്ളം ഇറങ്ങും. വെള്ളം വറ്റുമ്പോള്‍, വാങ്ങി വയ്ക്കുക.

കടപ്പാട്: പീപ്പി.

ഹോം സിക്നസ്

പ്ലസ്‌‌ വണ്ണിനു ബോര്‍ഡിങ്ങിലായിരുന്നു. വീട്ടില്‍, സര്‍വസ്വാതന്ത്ര്യത്തില്‍ ജീവിച്ച എനിക്ക് ബോര്‍ഡിങ്ങിലെ ചിട്ടയുള്ള ജീവിതം തീരെ പിടിച്ചില്ല. കരച്ചില്‍, അസുഖങ്ങള്‍, പഠിത്തം ഉഴപ്പ്, പിള്ളേരോട് കൂട്ടുകൂടാന്‍ മടി.  അമ്മയുടെ വക മിക്കവാറും കൗണ്‍സിലിങ്ങ് - അതുകൊണ്ടൊന്നും വല്യ കാര്യമുണ്ടായില്ല. ഒരുകൊല്ലത്തിനകം തിരിച്ചു പോന്നു. പിന്നെ ഒരു വര്‍ഷം ദിവസം രണ്ടു മണിക്കൂര്‍ യാത്രചെയ്ത് പോയി പഠിച്ചു. നന്നായി എന്ന് ആരും പറഞ്ഞില്ല, വീട്ടുകാര്‍ക്ക് നല്ല പേടി ഉണ്ടായിരുന്നു താനും. [ ഇപ്പോളാലോചിക്കുമ്പോള്‍ ആ ഒരു വര്‍ഷം എന്നെ നന്നാക്കി എന്നു തോന്നാറുണ്ട്. ]

പ്ലസ്റ്റു കഴിഞ്ഞപ്പോള്‍ വീണ്ടും ഹോസ്റ്റല്‍. ഹോസ്റ്റലിനോടും ആള്‍ക്കാരോടും അഡ്ജസ്റ്റു ചെയ്യാന്‍ വലിയ പ്രശ്നങ്ങള്‍ തോന്നിയില്ല. പ്ലസ്റ്റു കാലത്ത്, വളരെ ഹോം സിക്ക് എന്ന പേരു കേള്‍പ്പിച്ചതുകൊണ്ട്, തിരിച്ചു പോവുകേല്ല എന്നൊരു വാശിയും ഉണ്ടായിരുന്നു. ഒന്‍പതു വര്‍ഷമായി ഇപ്പോള്‍. വല്ലപ്പോഴും വീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ എനിക്ക് ഹോസ്റ്റല്‍ മിസ്സു ചെയ്യും.

ഇതൊക്കെയാണേലും ചേട്ടന്റെ കല്യാണംകൂടി തിരിച്ചുപോരുമ്പോള്‍ കരഞ്ഞു പോയി - സ്കൂള്‍ കാലം കഴിഞ്ഞിട്ട് ആദ്യമായി ഹോം സിക്നസ് തോന്നിയത് അന്നാണു.