2012 ജനുവരി 10, ചൊവ്വാഴ്ച

സ്ത്രീധനത്തെക്കുറിച്ച് ചിലത് - ബസ്സ് പോസ്റ്റ്.

/*
കുറച്ചു കാലം മുന്‍പു ഗൂഗിള്‍ ബസ്സില്‍, സ്ത്രീധനത്തെക്കുറിച്ചു ചര്‍ച്ച നടന്നപ്പോള്‍ ഇട്ട ഒരു പോസ്റ്റും അതിലെ ചില കമന്റുകളും, ബസ്സു മരിച്ചതോടെ ഇവിടെയും ഇടുന്നു. തെറ്റുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്, കൂടുതല്‍ മനസ്സിലാകുന്ന മുറയ്ക്ക്, പോസ്റ്റ് എഡിറ്റു ചെയ്യും.

പെണ്ണിനു സ്വര്‍ണ്ണം കൊടുത്താല്‍ കെട്ടില്ലെന്നു ചെറുക്കന്മാര്‍ നിര്‍ബന്ധം പിടിക്കേണ്ടതിനെക്കുറിച്ചുള്ള അലിയു പാലത്തിങ്കലിന്റെ ബസ്സിനും, പെണ്ണിനു അവരുടെ വീട്ടുകാര്‍ സമ്മാനങ്ങള്‍ കൊടുക്കുന്നതിലോ കൊടുക്കാത്തതിലോ മറ്റാരും ഇടപെടേണ്ടതില്ല എന്ന കൊച്ചുത്രേസ്യയുടേയും കാല്‍‌വിന്റെയും ബസ്സുകള്‍ക്കും തുടര്‍ച്ചയായിരുന്നു എന്റെ ബസ്സ്.
https://plus.google.com/109763335508569329692/posts/Rp8z6RCycEJ
https://plus.google.com/112621972117348533366/posts/NMrtJjXNVQm
https://plus.google.com/115589674465856425114/posts/FMidVh6fA7c
ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍, പലരും പല അര്‍ത്ഥത്തിലാവാം ഒരേ വാക്കിനെ ഉപയോഗിക്കുന്നത്. ഇതെല്ലാം ഉള്‍പ്പെട്ട വിശാലമായ അര്‍ഥത്തിലാണോ, ഇതിലേതെങ്കിലുമൊന്നാണോ എന്ന് ക്ലാരിറ്റി വരുത്തുക എന്നതായിരുന്നു എന്റെ ഉദ്ദേശം. സാധാരണ ഉപയോഗിക്കുന്ന, നിയമപ്രകാരമുള്ള അര്‍ത്ഥത്തിലല്ലാതെ, ആചാരങ്ങളുടെ ഭാഗമായുള്ള സബ്റ്റില്‍ ഫോമുകളിലും സ്ത്രീധനം ഉണ്ടാവാം എന്ന സ്വയം ഓര്‍മ്മപ്പെടുത്തലും കൂടി ഇതിലുണ്ട്. 


*/
സ്ത്രീധനത്തെക്കുറിച്ച് ചിലത്.
--------------------------------

P1. കാല്‍‌വിന്റെയും കൊച്ചുത്രേസ്യയുടേയും ബസ്സില്‍ കണ്ട സ്ത്രീധനം പെണ്ണിന്റെയും അവരുടെ വീട്ടുകാരുടേയും കാര്യമാണ് എന്നതിനോട് ഐഡിയലി യോജിക്കണമെന്നുണ്ടെങ്കിലും, 'പച്ചയായ സാമുഹിക യാഥാര്‍ത്ഥ്യങ്ങളില്‍' നിന്നുകൊണ്ട്, പെണ്ണിന് എന്തൊക്കെ ഓപ്ഷന്‍സാണുള്ളത് ( വീട്ടുകാരെ ഊറ്റി സ്ത്രീധനം കൊടുക്കുന്നതും, പോടാ കൂവേ എന്നു പറയുന്നതുമുള്‍പ്പടെ), എന്നു പഠിക്കുകയാണ് എന്റെ ശരിക്കുമുള്ള ഉദ്ദേശം.

P2. സ്ത്രീധനം പല നാട്ടിലും, പല മതങ്ങളിലും, ജാതികളിലും ( പലതരം കേരളീയ സബ്-കള്‍ച്ചറുകള്‍ ) പലരീതിയിലാണെന്ന് മുന്‍പേയുള്ള ബസ്സ് ചര്‍ച്ചകളില്‍ നിന്നു മനസ്സിലായിട്ടുണ്ട്. സ്ത്രീധനം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് പഠിക്കാനൊരു ചോദ്യാവലി തയ്യാറാക്കി ചില സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. കൂടാതെ, പങ്കെടുക്കാന്‍ പറ്റിയ പരദൂഷണക്കമ്മിറ്റികളില്‍ നിന്നും കുറച്ചു വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട് . വളരെക്കുറച്ചുപേരില്‍നിന്നും, അവര്‍ക്കറിയാവുന്ന ആവറേജ് കേസുകളെക്കുറിച്ചും, പെട്ടെന്നോര്‍മ്മവന്ന എക്സ്റ്റ്രീം കേസുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച ഡാറ്റയാണിത്. അതിന്റെ കുഴപ്പം ഇതിനുണ്ട്. എന്റെ പരദൂഷണക്കമ്മിറ്റികള്‍ക്കൊന്നും, ബസ്സിന്റെ ഏഴയലത്തുള്ള റീച്ചില്ല എന്നു മനസ്സിലാക്കുന്നതു കൊണ്ട്, ഇവിടെയും ഇടുന്നു. ഓരോ പാരഗ്രാഫിന്റെ അടിയിലും 'നിങ്ങടവിടൊക്കെ എങ്ങനാ?' എന്ന ചോദ്യം ചേര്‍ത്തു വായിക്കുക.

P3. ചോദിച്ചു വാങ്ങാത്തതിനെയും ഞാന്‍ സ്ത്രീധനമായി കൂട്ടുന്നു. എന്റെ വലിയ കണ്‍സേണുകളില്‍ ഒന്ന്, ഡിമാന്റില്ലാതെ നടക്കുന്ന കല്യാണങ്ങളിലും പെണ്ണിനെ സ്വര്‍ണ്ണം ഇട്ടുതന്നെ കെട്ടിക്കുന്നതാണ്. ആചാരങ്ങളുടെ ഭാഗമായി ബന്ധുക്കള്‍ക്കും മറ്റും കൊടുക്കുന്ന സ്വര്‍ണ്ണവും മറ്റൊരു കണ്‍സേണ്‍ ആയതു കൊണ്ട് അതിനെയും സ്ത്രീധനത്തിന്റെ കൂടെത്തന്നെ കൂട്ടുന്നു. [ നിയമപ്രകാരം, വിവാഹം നടക്കുന്നതിന് പ്രേരകമായി നല്‍കുന്നതോ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നതോ ആയ സ്വത്തോ പ്രമാണമോ സ്ത്രീധനമായി പരിഗണിക്കും. എന്നാല്‍, വിവാഹസമയത്തോ അടുത്ത ദിവസങ്ങളിലോ നല്‍കുന്ന പാരിതോഷികങ്ങള്‍ സ്ത്രീധനമായി കണക്കാക്കുകയില്ല. കൂടാതെ, മുസ്ലീം സമുദായത്തിലുള്ള മഹര്‍ സ്ത്രീധനമായി കൂട്ടുന്നില്ല. ]


എന്തു കൊണ്ട് സ്ത്രീധനം കൊടുക്കുന്നു ?

P4. കല്യാണം നടന്നില്ലെങ്കിലുള്ള പ്രശ്നം - സോഷ്യല്‍ കോസ്റ്റ് - കൂടുതല്‍ പെണ്ണിനാണ് ( ഇങ്ങനെയാണു വേണ്ടത് എന്നല്ല. ഇങ്ങനെയായിപ്പോയി. ഇത്, ഓരോ സമൂഹത്തിലും വ്യത്യസ്ഥമാണു താനും. ). അതുകൊണ്ട്, കല്യാണം നടക്കേണ്ടത്, കൂടുതല്‍ പെണ്ണിന്റെ ആവശ്യം ആണ്. കൂടുതല്‍ ചെറുക്കന്മാരും, അവരുടെ വീട്ടുകാരും, സ്തീധനം വേണം എന്നു കട്ടായം പിടിക്കുകയോ, ന്യൂട്രല്‍ ആയി നില്‍ക്കുകയോ ചെയ്യുന്ന നമ്മുടെ സമൂഹത്തില്‍, സ്തീധനം കൊടുക്കുന്നതാണ് പെണ്ണിനു നല്ലത് ( വേണ്ടത് എന്നല്ല. സ്ത്രീധനം കൊടുത്താല്‍, കല്യാണം നടക്കാന്‍, അതു കൊടുക്കാതിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ചാന്‍സുണ്ട് എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. ).

P5. ഇതല്ലാതെ, ആചാരങ്ങളുടെ ഭാഗമായും കുറച്ചു സ്വര്‍ണ്ണം കൊടുക്കേണ്ടി വരും. (എന്റെ അറിവില്‍, ചെറുക്കനു മോതിരവും മാലയും, അമ്മായിയമ്മയ്ക്കും നാത്തൂന്മാര്‍ക്കും വള, ചെറുക്കന്‍‌വീട്ടുകാരില്‍ നിന്നു പെണ്ണിനു താലിയും മാലയും ).

P6. പിന്നെ, പെണ്ണിനു സ്വത്തു കൊടുക്കാത്ത കേസില്‍, സ്വത്തിന്റെ ഇക്വലന്റ് എന്നപോലെയും. ( ക്രിസ്ത്യാനികളുടെ കാര്യത്തില്‍ ഇതാണു സംഭവിക്കുന്നതെന്നാണെന്റെ വിചാരം.)


ചോദിച്ചു വാങ്ങുന്നതും, അല്ലാതെയും.

P7. ചിലര്‍ ഇത്ര സ്വര്‍ണ്ണം, ഇത്ര കാശ്, വേണം എന്നു പറയാറുണ്ട്. കൂടുതലും ചോദിക്കാതെ കിട്ടുന്നതാണ്. പലപ്പൊഴും, നേരിട്ടു ചോദിച്ചില്ലെങ്കിലും, ചെറുക്കനിത്ര വിലയുണ്ട് (ജോലി, പഠിപ്പ് ഒക്കെ വച്ച് ) എന്നോ, പെങ്ങന്മാര്‍ക്ക് ഇത്ര സ്വര്‍ണ്ണം കൊടുത്തിരുന്നു എന്നോ ഇന്‍ഡയറക്റ്റ് ക്ലൂ കൊടുക്കുന്നതും, പെണ്ണിന്റെ അപ്പന്റെ ജോലി, വീടിന്റെ അവസ്ഥ ഒക്കെ വച്ച് ഊഹിച്ച് കെട്ടിക്കുന്നതും എല്ലാം ചോദിക്കാതെ കിട്ടുന്ന സ്ത്രീധനത്തില്‍ കൂട്ടണം.


പെണ്ണിനു സ്വത്തു കൊടുക്കാത്ത കേസില്‍

P8. എന്റെ നാട്ടില്‍ ഇത്, പാവപ്പെട്ടവരുടെ ഇടയിലാണു കൂടുതല്‍. അതിന്റെ കാരണം, പെണ്ണിന്റെ വീട്ടുകാരുടെ സ്വത്ത്, ഏകദേശം ഈക്വലായി ഭാഗിക്കണം എന്നാണു വയ്പെങ്കിലും, അതു വളരെക്കുറവാണെങ്കില്‍ കല്യാണം നടക്കില്ല. അന്നേരം, കടം വാങ്ങിച്ചെങ്കിലും കുറച്ചു സ്വര്‍ണ്ണം ഇട്ടു പെണ്ണിനെ കെട്ടിക്കണം. പിന്നീട് ചിലര്‍, ആങ്ങളമാരുടെ കല്യാണക്കാര്യം വരുമ്പോള്‍, പെണ്ണിനു ഇത്ര പവന്‍ കൊടുത്താണു കെട്ടിച്ചത്, അത്രേമെങ്കിലും സ്ത്രീധനം വേണം (അതു കിട്ടിയിട്ടു വേണം പെങ്ങളെ കെട്ടിച്ച കടം വീട്ടാന്‍) എന്നു ചോദിച്ചു വാങ്ങും. വീട്ടിലെ ചെറുക്കന്‍ സ്ത്രീധനം വാങ്ങിയാലും ഇല്ലെങ്കിലും (ഇതില്‍ ചെറുക്കന്റെ ഡിസിഷനു നല്ല പ്രാധാന്യമുണ്ട് - പലരും ഡിമാന്റില്ല എന്നു പറഞ്ഞു കെട്ടാറുമുണ്ട്. ), പെണ്ണിനു സ്ത്രീധനം കൊടുത്തേ പറ്റൂ. ഇങ്ങനെ പെണ്ണും ചെറുക്കനും തമ്മിലൊരു അസിമട്രി ഉണ്ട്.

P9. ഇതു കുറഞ്ഞു പോയതിന്റെ പേരിലും ( ചിലര്‍ കല്യാണത്തിന്റെ അന്നോ പിറ്റേന്നോ, തട്ടാന്റെ അടുത്ത് പെണ്ണിന്റെ വീട്ടില്‍ നിന്നും ചെറുക്കന്റെ വീട്ടില്‍ നിന്നും ഒരാള്‍‌വീതം പോയി സ്വര്‍ണ്ണം തൂക്കി നോക്കും ), പറഞ്ഞ തീയതിക്കു കൊടുക്കാത്തതിന്റെ പേരിലും (കാശായിട്ടാണു കൊടുക്കുന്നതെങ്കില്‍ ) പെണ്ണിനെ ദ്രോഹിക്കുകയും, ഡൈവോഴ്സു ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യും.

P10. കാശുകാരും കല്യാണ സമയത്തു തന്നെ പെണ്ണിന്റെ സ്വത്തു കൊടുത്തു വിടാറുണ്ട്. വീട്ടുകാര്‍ക്ക്, അധികം ഭൂസ്വത്തില്ലെങ്കിലേ ( വീടും അതിരിക്കുന്ന കുറച്ചു സ്ഥലമേയുള്ളൂ, പെണ്ണിന് ആങ്ങളയും ഉണ്ട് എങ്കില്‍ മാത്രം. ) ഇങ്ങനെ ചെയ്തു കണ്ടിട്ടുള്ളൂ. ക്രിസ്ത്യാനികള്‍ക്കിടയില്‍, പെണ്ണിനു പൊതുവേ സ്വത്തു കൊടുക്കാത്തതുകൊണ്ട് [ ഇന്‍ പ്രാക്റ്റീസ്. നിയമപ്രകാരം, സ്വത്തു കൊടുക്കണം ], കാശുകാരും സ്ത്രീധനം കൊടുക്കുമെന്നറിയാം.

P11. സ്തീധനം ചോദിച്ചുകൊണ്ടു വരുന്നവരെ വേണ്ട എന്നു ചിലര്‍ പറയാറുണ്ട് . എന്നു വച്ചാല്‍, പെണ്ണിനു അവരുടെ വീട്ടുകാര്‍ തീരുമാനിക്കുന്നയത്രയും ( ഉള്ള സ്വത്ത്, മക്കള്‍ക്ക് ഏകദേശം തുല്യമായി വീതിച്ചത് ?) സ്തീധനം കൊടുക്കും എന്നും, അത്യാര്‍ത്തിക്കാരെ വേണ്ട എന്നും? പാവപ്പെട്ടവര്‍ക്കും ഇങ്ങനെ പറയാനുള്ള ഓപ്ഷന്‍ ഉണ്ടോ ?


പെണ്ണിനു സ്വത്തു കൊടുത്താല്‍

P12. വീട്ടുകാരുടെ സ്വത്ത് പെണ്ണിനും കൂടി പിന്നീടു വീതിക്കുമെങ്കിലും, കല്യാണത്തിനു കുറച്ചെങ്കിലും സ്വര്‍ണ്ണം ഇടും. ഈ സ്വര്‍ണ്ണം സ്ത്രീധനത്തിന്റെ ഭാഗമായി കൂട്ടാറില്ല - പെണ്ണിനു കൊടുക്കുന്ന സമ്മാനമാണെന്നാണു വയ്പ്പ്. 'ഡിമാന്റില്ലാതെ' വരുന്നവരെയേ പരിഗണിക്കൂ എന്ന് ബ്രോക്കറോടും മറ്റും ആദ്യമേ പറയുകയും ചെയ്യും.

P12a. ഇതിന്റെ കൂടെ ചിലര്‍ കാശും കാറുമൊക്കെ കൊടുക്കും. മറ്റു ഡിമാന്റുകളില്ലെങ്കിലും, ഇന്ന മോഡല്‍ കാറുവേണമെന്ന് ചെറുക്കന്‍ കൂട്ടര്‍ ഡിമാന്റു ചെയ്തു കണ്ടിട്ടുണ്ട്. ( സ്വര്‍ണ്ണം, കാര്‍ എന്നിവ സ്റ്റാറ്റസ് സിംബല്‍ കൂടിയാണല്ലോ. ).

P13. ഡിമാന്റില്ല എന്നാണു പറച്ചിലെങ്കിലും, സ്വര്‍ണ്ണമില്ലാതെ ഇത്തരം കല്യാണവും നടന്നു കണ്ടിട്ടില്ല. ക്രിസ്ത്യാനികള്‍ക്ക് / മുസ്ലീങ്ങള്‍ക്ക് പറ്റുമോ? ( ഹിന്ദുക്കള്‍, സ്വര്‍ണ്ണം കുറച്ചേയുള്ളെങ്കിലും ആചാരത്തിന്റെ ഭാഗമായി ഇടും. സര്‍‌വാഭരണഭൂഷിതയായി വേണം പോവാന്‍ എന്നു കാരണവും പറയും. മറ്റുള്ളവര്‍ക്ക് അതില്ല എന്ന അസം‌പ്ഷനിലാണു ചോദ്യം. )

P14. ചെറുക്കനു ഡിമാന്റു വയ്ക്കാതിരിക്കലും, പെണ്ണിനു പറ്റുന്നത്രേം സ്വര്‍ണ്ണമിട്ടു കെട്ടിക്കലും ആയി, ഇവിടെയും ആണ്‍-പെണ്‍ അസിമട്രി ഉണ്ട്.


കല്യാണ സമയത്ത്, പെണ്ണിടുന്നതു കൂടാതെ കൊടുക്കുന്ന സ്വര്‍ണ്ണം.

P15. ചെറുക്കന്റെ പെങ്ങളാണ് കല്യാണസാരി കൊടുക്കുന്നതെങ്കില്‍, അന്നേരം ഗിഫ്റ്റായി ഒരു വള കിട്ടും. കെട്ടുകഴിഞ്ഞു പെണ്ണു ചെറുക്കന്റെ വീട്ടില്‍ വരുമ്പോള്‍, അമ്മയ്ക്കും ഒരു വള കൊടുക്കും. കല്യാണസാരി ചെറുക്കന്‍ തന്നെ മണ്ഡപത്തില്‍ വച്ചു കൊടുക്കുകയാണെങ്കില്‍, അമ്മയ്ക്കു കൊടുക്കുന്ന കൂട്ടത്തില്‍ പെങ്ങന്മാര്‍ക്കും ഓരോ വള കൊടുക്കും. ( ഇതു സ്ത്രീധനം അല്ല എന്നാണു പറച്ചിലെങ്കിലും, ഇതിന്റെ തൂക്കം കുറഞ്ഞു പോയാലും, ഡിസൈന്‍ ഇഷ്ടപ്പെട്ടില്ലെങ്കിലുമൊക്കെ മഹാ അടി നടക്കും. ).

P16. കല്യാണ സമയത്ത്, പെണ്ണിന്റെ ആങ്ങള, ചെറുക്കന് ഒരു മാലയോ മോതിരമോ കൊടുക്കും. ( ആങ്ങളയില്ലാത്തവര്‍ക്ക്, പെണ്ണിന്റെ വീട്ടുകാര്‍ വാങ്ങിയ മാല കസിന്‍ ബ്രദര്‍ ഇട്ടുകൊടുക്കും. ).

P17. ചെറുക്കന്‍, താലിയും അതിടാനുള്ള മാലയും പെണ്ണിനു കൊടുക്കണം. പെണ്ണിന്റെ സ്വര്‍ണ്ണം പെണ്‍‌വീട്ടുകാരുടെ സ്റ്റാറ്റസ് കാണിക്കുന്നതു പോലെ, ചെറുക്കന്‍ വീട്ടുകാര്‍ക്ക് പൊങ്ങാനുള്ള ഒരേയൊരു ഓപ്ഷനാണിത്. അതുകൊണ്ട്, ഇത്തിരി വലിയ മാലയാണു വാങ്ങുക.

P18. ഇത്, ചെറുക്കന്റെ പെങ്ങളുടെ വകയാണ് - പെങ്ങള്‍ക്കു കിട്ടിയ സ്തീധനത്തില്‍ നിന്നും ഒരോഹരി തിരിച്ചു കൊടുക്കണം എന്നാണു വയ്പ്പ്.

P19. കല്യാണത്തിനു ചിലര്‍ മോതിരം മാറും ( ഇതത്ര നിര്‍ബന്ധമില്ല - താലിയാണു മുഖ്യം ). അതു പെണ്ണിന്റെ അളവിനനുസരിച്ച് പെണ്‍‌വീട്ടുകാരും ചെറുക്കന്റെ അളവനുസരിച്ച് അവരും വാങ്ങി കല്യാണത്തിനു തൊട്ടുമുന്നേ വീട്ടുകാര്‍ മണ്ഡപത്തില്‍ വയ്ക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട്, ചെറുക്കന്‍ പെണ്ണിനോ, പെണ്ണു ചെറുക്കനോ സ്വര്‍ണ്ണം കൊടുക്കുന്നില്ല ഇതില്‍.

P20. മുസ്ലീങ്ങളുടെ ഇടയില്‍, ചെറുക്കന്‍ പെണ്ണിനു കൊടുക്കുന്ന മഹര്‍.


ബന്ധുക്കളുടെ സമ്മാനങ്ങള്‍

P21. ഞങ്ങളുടെ ഇടയില്‍, പെണ്‍കുട്ടിയുടെ കല്യാണത്തിന്, അടുത്ത ബന്ധുക്കളൊക്കെ സ്വര്‍ണ്ണം കൊടുക്കണം. വളരെ അടുത്ത ബന്ധുക്കള്‍ ചെറുക്കന്റെ കല്യാണത്തിനും മോതിരമോ മറ്റോ കൊടുക്കും. (ചെറുക്കന്റെ കാര്യത്തില്‍, ഇത് ഓപ്ഷനല്‍ ആണ്.)

കൊടുക്കുന്ന കാശിനും സ്വര്‍ണ്ണത്തിനും എന്തു സംഭവിക്കുന്നു?


P22. സ്വര്‍ണ്ണം പെണ്ണിനും, കാശ് ചെറുക്കനും പെണ്ണിനും കൂടിയുമാണു കൊടുക്കുന്നത്. അതുകൊണ്ട് കാശ്, ചെറുക്കന്റെ വീട്ടില്‍ എന്തെങ്കിലും ആവശ്യത്തിലേക്ക് (കല്യാണച്ചിലവിനുള്‍പ്പടെ) ഉടനെതന്നെ എടുത്തെന്നിരിക്കും. സ്വര്‍ണ്ണം കുറച്ചുകാലം കൂടി പെണ്ണിന്റെ കയ്യില്‍ത്തന്നെ ഇരിക്കും (കല്യാണത്തിന്റെ പിറ്റേ ആഴ്ച വില്‍ക്കുന്നവരുമുണ്ട് ). പിന്നീട് വരുന്ന ആവശ്യങ്ങള്‍ക്ക് അതും കുറേശ്ശ വില്‍ക്കും.

P23. പെങ്ങളെ കെട്ടിച്ചതിന്റെ കടം വീട്ടാനും, അനിയത്തിമാരെ കെട്ടിക്കാനും, വേറെ എന്തെങ്കിലും കടങ്ങളുണ്ടെങ്കിലും ഒക്കെ വീട്ടുകാരുടെ ആവശ്യത്തിലേക്കോ, വീടു വയ്ക്കുക, പെണ്ണിനു ജോലി വാങ്ങുക എന്നിങ്ങനെ പെണ്ണിനു കൂടി ഗുണമുള്ള കാര്യങ്ങള്‍ക്കോ ചെലവാക്കാം.

ഡിസ്ക്ലൈമര്‍

1. ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലീം എന്നൊക്കെ എഴുതിയിരിക്കുന്നത്, ആചാരങ്ങളെ മാത്രം ഉദ്ദേശിച്ചാണ്.
2. ആരുടെയെങ്കിലും രീതി ശരിയെന്നോ തെറ്റെന്നോ പറയുന്നത് പഠനത്തിന്റെ ഉദ്ദേശമല്ല.
3.  സ്ത്രീധനത്തിന്റെ കാരണങ്ങളും രീതികളും പറയുന്നവര്‍ അതിനെ അനുകൂലിക്കുന്നു എന്നില്ല. [ ഓബ്വിയസ് ആയ കാര്യം. ].
~~~
കമന്റുകളില്‍ നിന്ന്.

[ കമന്റുകളെക്കുറിച്ചുള്ള എന്റെ ഇന്റര്‍പ്രട്ടേഷനുകളാണു താഴെ. കോണ്ടക്സ്റ്റില്‍ നിന്നു മാറ്റിവായിക്കുമ്പോള്‍ പല കമന്റുകളുടേയും അര്‍ത്ഥം മാറിയേക്കാം. ശരിക്കുള്ള കമന്റുകള്‍ ബസ്സ് പോസ്റ്റില്‍ കാണാം. ]

സ്ത്രീധനം കാശായിട്ടോ, സ്വര്‍ണ്ണമായോ, സ്ഥലമായോ കൊടുക്കുന്നതിലും, ആചാരങ്ങളുടെ ഭാഗമായി കൈമാറ്റം ചെയ്യപ്പെടുന്ന പണം സ്വര്‍ണ്ണം എന്നിവയിലും  പ്രാദേശിക വ്യത്യാസങ്ങളുണ്ടെന്നു രാവണന്‍ കണ്ണൂര്‍, സുധീഷ് രാജശേഖരന്‍, കാട്ടിപ്പരുത്തി റഷീദ് എന്നിവര്‍ ബസ്സിലെ പല കമന്റുകളിലായി പറഞ്ഞിട്ടുണ്ട്.

പെണ്ണിനു കൊടുക്കുന്ന സ്ത്രീധനം പെണ്‍‌വീട്ടുകാരുടെ പെര്‍സീവ്ഡ് സോഷ്യല്‍ സ്റ്റാറ്റസ് ഉയര്‍ത്തുന്നു എന്നതും സ്ത്രീധനം കൊടുക്കുന്നതിനു ഒരു കാരണമാണെന്നു കാട്ടിപ്പരുത്തി റഷീദ്. ( സ്ത്രീധനം ഇല്ലെങ്കില്‍ നടക്കില്ല എന്ന അവസ്ഥയും, പൊതുവേയുള്ള സാമൂഹികാവസ്ഥയില്‍ സ്ത്രീധനത്തിനുള്ള പ്രാധാന്യവും, അടുക്കളകാണലിനും മറ്റും സമ്മാനങ്ങള്‍ കൊടുക്കുന്നതുമാണ് അദ്ദേഹം പറയുന്ന മറ്റുകാരണങ്ങള്‍.  )

പെണ്ണിനവകാശപ്പെട്ട സ്വന്തിനെക്കുറിച്ചു തീരുമാനമെടുക്കേണ്ടത് അവര്‍തന്നെയാണെന്നും ആരുടെയെങ്കിലും ഭാര്യ ആവുന്നതാണു പെണ്ണിന്റെ ജീവിതലക്ഷ്യമെങ്കില്‍ ചൂഷണം ഉണ്ടാവുകതന്നെ ചെയ്യുമെന്നും കാല്‍‌വിന്‍.

സ്ത്രീധനം വേണ്ട എന്നു കട്ടായം പറയാതെ, എന്നാല്‍ വലിയ ത്യാഗം ചെയ്യുകയാണ് എന്ന് വിചാരിക്കാതെ ഡിമാന്റു വെക്കാതിരിക്കുന്നതാണു, സ്ത്രീധനം ഒഴിവാക്കാന്‍ ചെറുക്കനു ചെയ്യാന്‍ പറ്റുന്നതെന്ന് ഷാജി കെ.  

മാതാപിതാക്കളുടെ സ്വത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള തുല്യാവകാശമുണ്ടെന്നും പലരും പ്രകടിപ്പിക്കുന്ന സ്ത്രീധനവിരുദ്ധചിന്തകള്‍ സ്ത്രീവിരുദ്ധമാണെന്നും ഷിജിന്‍ ജോര്‍ജ്ജ്.


മുസ്ലിം സമുദായത്തില്‍, സ്ത്രീധനത്തോടനുബന്ധിച്ച ആചാരങ്ങളില്‍ ഗള്‍ഫ് പണത്തിന്റെ സ്വാധീനം ഒഴിവാക്കാന്‍ പറ്റില്ല എന്നു മുഹമ്മദ് ഷാന്‍. 


~~~